ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പരാതി പരിഹാര സംവിധാനങ്ങള്‍

⚖️ പരാതി പരിഹാര സംവിധാനങ്ങൾ

കേരള തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പ്രധാന ജനസമ്പർക്ക പ്ലാറ്റ്‌ഫോമുകൾ

1. കെ-സ്മാർട്ട് (K-SMART)

കേരള സർക്കാറിന്റെ സ്മാർട്ട് ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് K-SMART (Kerala Solutions for Managing Administrative Reformation and Transformation). ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ വേഗത്തിലും സുതാര്യമായും നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാവുന്നതാണ്.

🌐 വെബ്‌സൈറ്റ് സന്ദർശിക്കുക


2. ജാഗ്രതാസമിതി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി തദ്ദേശസ്വയംഭരണ തലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് പഞ്ചായത്ത് ജാഗ്രതാ സമിതി. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് prezident അധ്യക്ഷനായ ഒരു സമിതിയാണിത്. പരാതിക്കാർക്ക് തങ്ങളുടെ പരാതികൾ എഴുതി പഞ്ചായത്ത് ഓഫീസിലോ അല്ലെങ്കിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർക്കോ നേരിട്ട് നൽകാവുന്നതാണ്. പരാതിക്കാരന്റെ സ്വകാര്യത പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും സമിതി നടപടികൾ സ്വീകരിക്കുന്നത്.

📋 സമിതിയുടെ ഘടന

  • അധ്യക്ഷൻ/അധ്യക്ഷ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • കൺവീനർ: ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ
  • അംഗങ്ങൾ: - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
    - പഞ്ചായത്തിലെ വനിതാ പ്രതിനിധികൾ
    - പോലീസ് ഇൻസ്പെക്ടർ അല്ലെങ്കിൽ സബ് ഇൻസ്പെക്ടർ
    - നിയമവിദഗ്ധൻ (അഭിഭാഷകൻ)
    - പട്ടികജാതി/പട്ടികവർഗ പ്രതിനിധി 

🎯 പ്രധാന ചുമതലകൾ

  • സ്ത്രീ സംരക്ഷണം: ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ജോലിസ്ഥലത്തെ അതിക്രമങ്ങൾ തടയുക.
  • ശിശുക്ഷേമം: ബാലവിവാഹം, ബാലവേല, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുക.
  • സാമൂഹിക സുരക്ഷ: ലഹരിമരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുക.
  • തർക്ക പരിഹാരം: ഇരകൾക്ക് കോടതിയിൽ പോകാതെ പരാതികൾ ബോധിപ്പിക്കാനും പരിഹാരം കണ്ടെത്താനും വേദി ഒരുക്കുക.

* പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ ജില്ലാ ജാഗ്രതാ സമിതിക്കോ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സമിതി) സംസ്ഥാന വനിതാ കമ്മീഷനോ കൈമാറുന്നു.


3. ഓംബുഡ്സ്മാൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന പരാതികൾ പരിഗണിച്ച് പരിഹാരം നൽകുന്ന സ്വതന്ത്ര അധികാരിയാണ് ഓംബുഡ്സ്മാൻ. ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും കർത്തവ്യങ്ങൾ നിർവ്വഹിക്കുമ്പോഴുണ്ടാകുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവ അന്വേഷിക്കുകയാണ് ഇതിന്റെ ചുമതല.

📌 പരാതി സമർപ്പിക്കേണ്ട വിധം: വെള്ളക്കടലാസിൽ എഴുതിയ പരാതിയോടൊപ്പം ശരിയായി പൂരിപ്പിച്ച ഫോറം 'എ' (10 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ചത്), പരാതിയുടെ പകർപ്പുകൾ (എതിർകക്ഷികളുടെ എണ്ണം + 2) എന്നിവ ചേർത്ത് ഓംബുഡ്‌സ്മാൻ സെക്രട്ടറിക്കു മുൻപാകെ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാം. കക്ഷികൾക്ക് അഭിഭാഷകനില്ലാതെ നേരിട്ട് ഹാജരാകാം. മറ്റു ഫീസുകൾ ഈടാക്കുന്നതല്ല. 

📍 സിറ്റിംഗ് സ്ഥലങ്ങൾ: തിരുവനന്തപുരത്തുള്ള ഓഫീസ്, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങൾ.

🌐 വെബ്‌സൈറ്റ് സന്ദർശിക്കുക


4. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുകയും തീർപ്പ് കൽപ്പിക്കുകയുമാണ് ട്രൈബ്യൂണലിന്റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്.

⏱️ കാലപരിധി & നിബന്ധനകൾ:

  • ഉത്തരവ് വന്ന് 30 ദിവസത്തിനകം ഫോറം സി-യിൽ ഹർജി നൽകണം (അനുമതിയോടെ 1 മാസം വരെ കാലതാമസം അനുവദിക്കും).
  • തദ്ദേശ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ ഹർജി നൽകാം.
  • ഹർജിയോടൊപ്പം 50 രൂപ ഫീസും 100 രൂപയുടെ ലീഗൽ ബെനിഫിറ്റ് ഫണ്ട് സ്റ്റാമ്പും പതിക്കേണ്ടതുണ്ട്.

5. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

ജനങ്ങൾക്ക് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഉള്ള ഓൺലൈൻ സംവിധാനമാണിത് (Chief Minister’s Public Grievance Redressal System). ഇതിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ പരിശോധിക്കാനുള്ള ഡാഷ്‌ബോർഡുകളും ഇതിലുണ്ട്.

🌐 വെബ്‌സൈറ്റ് സന്ദർശിക്കുക


6. പൊതുജന പരാതി പരിഹാര സെല്ലും വിജിലൻസ് വിംഗും (LSGD)

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേനയും, അഴിമതിയും ചട്ടവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്താൻ പ്രവർത്തിക്കുന്ന വിജിലൻസ് വിംഗ് വഴിയും പരാതികൾ സമർപ്പിക്കാം. സംസ്ഥാനത്തുടനീളമുള്ള അനധികൃത/ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സെക്രട്ടറിയേറ്റിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വിജിലൻസ് വിംഗ് പരിശോധിക്കുന്നു.

💬

സേവനങ്ങളുടെ കാലതാമസവും അഴിമതിയും 8078066060

♻️

മാലിന്യമുക്ത നവകേരളം പരാതികൾ 9446700800

🔍 വിജിലൻസ് വെബ്‌സൈറ്റ്